ഗോഹട്ടി: ഡിജിറ്റൽ വൽക്കരണത്തിലേക്കും സാമ്പത്തിക നവീകരണത്തിലേക്കും വലിയൊരു ചുവടുവെപ്പായി ഇന്ത്യയിലെ ആദ്യത്തെ എഐ (AI-powered) ഡിജിറ്റൽ ബാങ്കിംഗ് ബ്രാഞ്ച് അസമിലെ ഗുവാഹത്തിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉദ്ഘാടനം ചെയ്തു.
സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (Slice Small Finance Bank) ഈ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ ആസാം ബിജെപി എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ അശോക് സിംഗാൾ, സ്ലൈസ് എംഡിയും സിഇഒയുമായ രാജൻ ബജാജ്, എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ എന്നിവർ പങ്കെടുത്തു.
ഫിസിക്കൽ ബാങ്കിംഗും ഡിജിറ്റൽ ബാങ്കിംഗും ഒരുമിപ്പിക്കുന്ന ഈ പുതിയ ശാഖയിലൂടെ ഉപഭോക്താക്കൾക്ക് എഐ അധിഷ്ഠിത കിയോസ്കുകൾ, ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബാങ്കിംഗ് സംവിധാനങ്ങൾ, പെട്ടെന്നുള്ള അക്കൗണ്ട് ഓൺബോർഡിംഗ്, ഡിജിറ്റൽ പാസ്ബുക്ക് പ്രിന്റിംഗ്, ആപ്പ് വഴിയുള്ള മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ ലഭ്യമാകും.
ആസമിന്റെ വളർന്നുവരുന്ന ഡിജിറ്റൽ പരിവർത്തന യാത്രയിലെ ഒരു നാഴികക്കല്ലാണിതെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഗോഹട്ടി പ്രമുഖ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് സംസ്ഥാനത്തെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങളും സംരംഭകത്വ സാധ്യതകളും സൃഷ്ടിക്കുമെന്നും ചടങ്ങിൽ വ്യക്തമാക്കി.
ആസാമിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ എഐ അധിഷ്ഠിത ഡിജിറ്റൽ ശാഖ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും വിപുലമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ചെയർപേഴ്സൺ യുജിൻ കാർത്തിക് ദേശീയ മാധ്യമത്തോട് പറഞ്ഞു.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കുമായുള്ള ലയനത്തിന് ശേഷം ഗോഹട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ ബാങ്ക്, ദിവസേന പലിശ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.